ലേലത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. കേരളത്തിലെ പ്രമുഖ പത്രങ്ങളിലെല്ലാം വാര്‍ത്ത വന്നു. വിദ്യാഭ്യാസ തൊഴില്‍ സാംസ്കാരിക വകുപ്പു മന്ത്രിയാണ് ഈ ലേലം ഉദ്ഘാടനം ചെയ്യാനെത്തുന്നത് എന്നുള്ളതുകൊണ്ടു തന്നെ മുഖ്യധാരാ ചാനലുകളെല്ലാം തന്നെ വളരെ നല്ല പ്രാധാന്യത്തോടെയാണ് വാര്‍ത്ത നല്‍കിയത്. ഇതൊരു കൗതുകം ഉണര്‍ത്തുന്ന പ്രത്യേകതരം ലേലം ആയതിനാലാണ് മന്ത്രി തന്നെ ഉദ്ഘാടനകര്‍മ്മം സ്വയം ഏറ്റെടുത്തത്. ബഹുജനശ്രദ്ധയാകര്ഷിക്കുന്ന ഈ പരിപാടിയില്‍ പങ്കെടുക്കുക വഴി അടുത്ത ഇലക്ഷനു പുല്ലുപോലെ ജയിക്കാനും, ഇടിഞ്ഞു പോയ ജനസമ്മതി ഉയര്‍ത്താനും സാധിക്കുമെന്നു മാത്രമല്ല,, മന്ത്രിക്കും, കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തില്‍ ഇടപെടുന്നു എന്നു ഭാവിക്കുന്ന സകലമാന കൃമികീടങ്ങള്‍ക്കും ഇതുമൂലം ഗിന്നസ്ബുക്കില്‍ ഇടം നേടാനും സാധിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഇടുക്കി ജില്ലയിലെ ഏക നഗരമെന്ന നിലയില്‍ തൊടുപുഴ മുനിസിപ്പല്‍ മൈതാനിയില്‍ വച്ചു ലേലം നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ഈ പരിപാടി സ്പോണ്സര് ചെയ്യാന്‍ താല്പര്യം പ്രകടിപ്പിച്ച ചില വന്‍കിട വസ്ത്ര-സ്വര്‍ണ്ണവ്യാപാരികളുടെ താല്പര്യാര്ത്ഥം അതു ചരിത്രപ്രസിദ്ധമായ കോട്ടയം തിരുനക്കര മൈതാനിയില്‍ വച്ചു നടത്താന്‍ പിന്നീട് നിശ്ചയിക്കുകയായിരുന്നു. ഏറ്റവും കുറഞ്ഞത് രണ്ടായിരം പേരെങ്കിലും ഈ പരിപാടി തല്‍സമയം സ്വന്തം കണ്ണുകള്‍ കൊണ്ട് കാണാന്‍ എത്തിച്ചേരും എന്നാണ് കരുതുന്നത്.
ആയിരക്കണക്കിനാളുകള്‍, ചിലപ്പോള്‍ ലക്ഷങ്ങള്‍ തന്നെ ഈ പരിപാടി ചാനലുകള്‍ വഴിയും കാണാനിടയുണ്ട്. ഇതിന്റെ പ്രാധാന്യം കണക്കിലെടുത്ത് മൈതാനവാടക ഈടാക്കേണ്ടതില്ല എന്നൊരു ശ്ലാഘനീയ തീരുമാനം മുനിസിപ്പല്‍ കൗണ്‍സില്‍ പ്രത്യേക യോഗം ചേര്‍ന്നു തീരുമാനിച്ചിട്ടുണ്ട്. ലേലപ്പരിപാടി കാണാനെത്തുന്നവരെ മുഴുവന്‍ സമയവും പിടിച്ചിരുത്താന്‍ അവര്‍ക്ക് ആവശ്യമായ ഭക്ഷണം ക്രമീകരിക്കാനുള്ള ചുമതല ദക്ഷിണേന്ത്യയിലെതന്നെ പ്രമുഖ ഹോട്ടല്‍ ശൃംഖല ഏറ്റെടുത്തിരിക്കുകയാണ്. ഈ ലേലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന വ്യക്തിക്കോ സ്ഥാപനത്തിനോ ജനകോടികളുടെ വിശ്വാസം കാക്കുന്ന ലോകപ്രശസ്തസ്വര്ണവ്യാപാരസ്ഥാപനം ഇരുപത്തിയഞ്ചുപവന്റെ ആഭരണങ്ങള്‍ സമ്മാനമായി നല്‍കും. അതോടൊപ്പം തന്നെ സൂപ്പര്‍കാര്‍, സൂപ്പര്‍ ബൈക്ക്, മറ്റനേകം പ്രോത്സാഹനസമ്മാനങ്ങള്‍ തുടങ്ങിയവയും വിവിധ കമ്പനികള്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് കൊടുക്കും. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്കും, മുഖ്യസംഘാടകര്ക്കും ധരിക്കാനുള്ള വസ്ത്രം പ്രമുഖവസ്ത്രക്കമ്പനി നേരിട്ടു രൂപകല്പന ചെയ്തു വിതരണം ചെയ്യുന്നതായിരിക്കും.
ഇതൊരു വിദ്യാഭ്യാസസംബന്ധിയായ വിഷയം കൂടി ആയതിനാല്‍ രാജ്യത്തെ ഒന്നാംനിര വാണിജ്യബാങ്ക് പതിവിനു വിരുദ്ധമായി ഒന്നാം സ്ഥാനത്തെത്തുന്ന സ്ഥാപനത്തിലെ ആദ്യത്തെ അമ്പതു വിദ്യാര്‍ത്ഥികള്‍ക്ക് ഉപാധി-പലിശ രഹിത വായ്പ നല്‍കും. മാത്രമല്ല ലേലം വഴി സ്വന്തമാകാന്‍ പോകുന്ന വസ്തുവകയ്ക്ക് എന്തെങ്കിലും അറ്റകുറ്റങ്ങളോ, സ്ഥിരമായ നാശമോ സംഭവിച്ചാലും ഭയക്കണ്ട, കാരണം അതിന് സൗജന്യഇന്‍ഷുറന്‍സ് നല്കാന് ഒരു ഡസനോളം ഇന്‍ഷുറന്‍സ് കമ്പനിക്കാരും മുന്നോട്ടു വന്നിട്ടുണ്ട്. ലേലവും അതിനോടനുബന്ധിച്ചുണ്ടായേക്കാവുന്ന നിയമപ്രശ്നങ്ങളും കൈകാര്യം ചെയ്യാനും ലേലം നിയന്ത്രിക്കാനും ഒരു രൂപ പോലും പ്രതിഫലം പറ്റാതെ ഹൈക്കോടതയിലെ രണ്ടു അഭിഭാഷകര്‍ ചെയ്യാന്‍ തയ്യാറായിട്ടുണ്ട്. ഈ വക ആകര്‍ഷണീയതകള്‍ ഉള്ളതുകൊണ്ട് സംസ്ഥാനത്തെ പ്രധാനപ്പെട്ടവരും പ്രബലരുമായ എല്ലാ സ്വാശ്രയവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍ ഉറപ്പായും ഇതില്‍ പങ്കെടുക്കും. ഈ ലേലത്തിലൂടെ കൈവരുന്ന പ്രശസ്തിയും അനുബന്ധ നേട്ടങ്ങളുമാണ് തീര്‍ത്തും നിസ്സാരമെന്നു കരുതിയ ഒരു കൊച്ചു ലേലത്തിന് വന്പിച്ച പ്രാധാന്യം കൈവരാന്‍ ഇടയായതിന്റെ കാരണം.
ഇവിടെ ലേലം വിളി സംഘടിപ്പിക്കുന്നയാള്‍ അതായത് ഇതിന്റെ ഗുണഭോക്താവ് എന്ന് പറയുന്നത് ഇടുക്കി ജില്ലയിലെ രാജാക്കാടിനടുത്തുള്ള എന്‍.ആര് സിറ്റി സ്വദേശി സോനു പോക്കണംകുഴി എന്ന മുപ്പത്തഞ്ചുവയസില്‍ കവിയാത്ത അഭ്യസ്തവിദ്യനും, പ്രായോഗികമായി തൊഴില്‍രഹിതനുമായ ഒരു ചെറുപ്പക്കാരനാണ്. ഇയാള്‍ പേരിനൊപ്പം സ്വന്തം സ്ഥലപ്പേരുകൂടി ചേര്‍ത്ത് ചില ലൊട്ടുലൊടുക്ക് മാസികകളില്‍ കഥയും കവിതയും മറ്റും എഴുതുകയും ചില സാംസ്കാരിക രാഷ്ട്രീയ സംഘടനകളില്‍ പ്രവര്‍ത്തിച്ചു വരികയും ചെയ്യുന്നു. ചില സാമുദായിക ശക്തികളെ വെല്ലുവിളിച്ച് ഇദ്ദേഹം ഒരു നോവലെഴുതുകയും സ്വന്തമായി കാശുമുടക്കി അതു പ്രസിദ്ധീകരിക്കുക വഴി പെരുവഴിയിലായിരിക്കുകയും ചെയ്തിരിക്കുകയാണ്. നാട്ടിലുള്ള ചെറുപ്പക്കാര്‍ വിദേശത്തു പോയി പത്തു കാശുണ്ടാക്കുമ്പോള്‍ ഇവിടെയൊരാള് പല്ലു കൊഴിയുന്നതു വരെ വിദ്യാഭ്യാസം നടത്തി തൊഴിലില്ലാതെ നടക്കുന്നു എന്നു പറഞ്ഞ് ബന്ധുക്കളുടെയും മറ്റും പരിഹാസവും ഇയാള്‍ക്ക് സൗജന്യമായി ലഭിക്കുന്നുണ്ട്. ഇയാള്‍ അതിപുരാതന പാരമ്പര്യക്രിസ്ത്യന് സമുദായാംഗവും, സര്‍വോപരി ദൈവവിളി ലഭിച്ച് സെമിനാരിയില്‍ ചേരുകയും അവിടെനിന്നും പൈശിചിക വിളി സ്വീകരിച്ച് ചാടിപ്പോരുകയും തന്മൂലം ദൈവശാപമേറ്റ് ഒരു ഗതിയും പരഗതിയുമില്ലാതെ അലയുകയാണ് എന്നാണ് ചിലരുടെ ഭാഷ്യം. എന്നു കരുതി ഇയാള്‍ തീര്‍ത്തും മോശക്കാരനെന്നു പറയാനാവില്ല. സ്വന്തം അദ്ധ്വാനം കൊണ്ട് മലയാളത്തിലും ഇംഗ്ലീഷിലും ഓരോ ബിരുദാനന്തരബിരുദവും ബിഎഡും സമ്പാദിച്ചയാളും അദ്ധ്യാപകവൃത്തിയില്‍ ആറുവര്‍ഷക്കാലമായി പ്രവൃത്തിപരിചയമുള്ളയാളും ഭാഗ്യം കൊണ്ട് കൈവെട്ടപ്പെടാതെ സൂക്ഷിക്കുന്ന ആളുമാണ്. മാത്രമല്ല, നെറ്റ്, സെറ്റ്, പിഎച്ച്ഡി എന്‍ട്രന്‍സ്, ലാസ്റ്റ് ഗ്രേഡ് മുതലുള്ള സര്‍വ്വമാന പിഎസ്സി പരീക്ഷകളും എഴുതാന്‍ നടന്ന് ജോലി ചെയ്തുണ്ടാക്കിയ നക്കാപ്പിച്ചയുടെ മുക്കാല്‍ഭാഗവും മുടിപ്പിക്കുകയും ജീവിതത്തിന്റെ നല്ലൊരുഭാഗം അവശരായ മാതാപിതാക്കളുടെ സൗജന്യത്തില്‍ കഞ്ഞികുടിച്ചു പോരുകയും ചെയ്യുന്ന ഒരു ധീരയുവരത്നം കൂടിയാണ് ശ്രീ പോക്കണംകുഴി. ആദര്‍ശവാദി, വിപ്ലവകാരി, ആരുടെയും മുന്നില്‍ മുട്ടുമടക്കാത്തവന് തുടങ്ങിയ വിശേഷണങ്ങള്‍ സ്വയം ചാര്‍ത്തി നടക്കുന്ന ഇയാള്‍ വിദ്യാഭ്യാസ അവകാശനിയമത്തിന്റെ മറവില്‍ ലോണിനു വേണ്ടി ദേശസാല്‍ക്കൃത ബാങ്കുകളുടെ പടികള്‍ കുറെയധികം കയറിയിട്ടുണ്ട്. അവിടെ നിന്നും ആട്ടിപ്പുറത്താക്കിയപ്പോള്‍ മുന്നോക്ക വിഭാഗവികസനബാങ്കില് നിന്നും, അമ്മയുടെ പേരിലുള്ള പട്ടയഭൂമിയുടെ ആധാരം പണയം വച്ച് ഒരു ലക്ഷം രൂപയുടെ ലോണെടുത്തതാണ് ഇന്ന് ലേലത്തിലേക്കു നയിക്കാനിടയായ സാഹചര്യം രൂപപ്പെടാനിടയായതിന്റെ മുഖ്യകാരണം. കടം കയറി മൂടിയ വീടിനെ രക്ഷിക്കാമെന്നു കരുതിയാണ് ലോണെടുത്ത് വിദ്യാവകാശം നേടാന്‍ തീരുമാനിച്ചത്. എന്നാല്‍ കിട്ടിയ ശമ്പളം കൊണ്ട് കഞ്ഞികുടിച്ചു പോകാനുള്ള വകുപ്പു പോലും ഇല്ലാതെ വന്നതിനാല്‍ ബാങ്കിലെ പലിശ അടവു നടന്നില്ല. തന്മൂലം ഒരുലക്ഷമെന്നത് പത്തുലക്ഷമായി. വീട്ടില്‍ അഞ്ചുലക്ഷത്തിന്റെ കടം വേറെയും. ഇത്യാദി ഉത്തരവാദിത്വങ്ങള്‍ സ്വയമേറ്റെടുത്തതിനാലാണ് ഇങ്ങേര്‍ക്ക് ഇത്തരത്തിലുള്ള ചില പോക്കണംകേടുകള്‍ വന്നു ചേര്‍ന്നത്. അഞ്ചുലക്ഷത്തിന്റെ കടം വീട്ടാന്‍ സ്ഥലത്തിന്റെ ഒരുഭാഗം വില്ക്കാന് ഇയാളുടെ മാതാപിതാക്കള്‍ തീരുമാനിച്ചു. പക്ഷേ പത്തുലക്ഷം മുടക്കിയെങ്കിലേ പട്ടയം തിരികെ കിട്ടുകയുള്ളൂ എന്ന സ്ഥിതിയില്‍ ഇയാള്‍ക്കു വീട്ടുകാരില്‍ നിന്നുമുള്ള സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്കു വിധേയമാകേണ്ടിയും വന്നു. മരണം കാത്തു കഴിയുന്ന അപ്പനേയും അമ്മയേയും ഉത്തരിപ്പുകടഭൂതം ബാധിച്ചിരിക്കുന്നതിനാല്‍, അവരുടെ ആത്മാക്കള്‍ക്ക് ഗതി കിട്ടാതെ അലയേണ്ടഗതിയുണ്ടായാല് നിരീശ്വരവാദി കൂടിയായ തനിക്ക് മോക്ഷം കിട്ടുമോ എന്നൊരു ചിന്തയും ഇയാളെ വേട്ടയാടിത്തുടങ്ങി. നിരീശ്വരവാദം ദൈവം ക്ഷമിക്കും. പക്ഷേ ഉത്തരിപ്പുകടമുണ്ടായാല് പിന്നെ അങ്ങേര് നമ്മളെ സ്വര്‍ഗ്ഗത്തില്‍ കാലു കുത്താന്‍ സമ്മതിക്കില്ല. ഒടുവില്‍ തന്റെ കുടുംബത്തെ കൂട്ട ആത്മഹത്യയില്‍ നിന്നും നരകപ്രവേശനത്തില് നിന്നും രക്ഷിക്കാന്‍ വിദ്യാസമ്പന്നനായ യുവനായകന് സോനു പോക്കണാംകുഴി കണ്ടു പിടിച്ച അതിതന്ത്രപരമായ ഒരു അടവുനയമാണ് ഈ ലേലം.!
ഇതാ ലേലം തുടങ്ങുകയായി. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ലേലനടപടിക്രമങ്ങള് നിയന്ത്രിക്കുന്ന അഭിഭാഷകര്‍ സ്ഥലത്ത് ഹാജരായിട്ടുണ്ട്. ലേലത്തില്‍ പങ്കെടുക്കാനുള്ള വിവിധ സ്വാശ്രയമാനേജ്മെന്റുകളുടെ പ്രതിനിധികളെല്ലാം നേരത്തെ തന്നെ എത്തിച്ചേര്‍ന്നിട്ടുണ്ട്. ക്രൈസ്തവ -മുസ്ലീം- നായര്‍- ഈഴവ മറ്റു ചെറുകിട ജാതി - സമുദായ അസമുദായ ശക്തികളും വ്യക്തിഗത സ്ഥാപനങ്ങളുടെ പ്രതിനിധികളും തങ്ങളുടെ ഇരിപ്പിടങ്ങളില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു. ഉദ്ഘാടനം നടത്തേണ്ട മന്ത്രി, ആശംസകള്‍ അര്‍പ്പിക്കുന്ന മാന്യദേഹങ്ങള്‍ തുടങ്ങിയവരെല്ലാം അതിവേഗം ബഹുദൂരം താണ്ടി നേരത്തെതന്നെ വേദിയിലെത്തിച്ചേര്ന്നതാണ്. കര്ണ്ണകഠോരഭാഷണങ്ങള്ക്കിടയ്ക്ക് അല്പം സംഗീതസുഖം പകര്‍ന്നു നല്കാന് ജനപ്രിയഗായകന്‍ ശ്രീ സംഗതികുമാര് സ്ഥലത്തെത്തിക്കഴിഞ്ഞു. സംഭവത്തെക്കുറിച്ച് കേട്ടറിഞ്ഞ ആയിരങ്ങള്‍ മൈതാനിയിലേക്കൊഴുകിക്കൊണ്ടിരുന്നു. കസേരകള്‍ നിറഞ്ഞ് മൈതാനിക്കു പുറത്തേക്കു തിരക്കു നീണ്ടതു കാരണം ഗതാഗതകുരുക്കഴിക്കാന്‍ വാഹനങ്ങള്‍ വഴി തിരിച്ചു വിടേണ്ട ഗതികേടിലാണ് ട്രാഫിക് പോലീസുകാര്‍. അക്ഷമരായ കാണികളെ നിയന്ത്രിക്കാനും ഏതു സാഹചര്യത്തെയും നേരിടാനും തയ്യാറായി നാലു വാന്‍ പോലീസ് ജവാന്മാര് കുറുവടിയും തോക്കും ടിയര്‍ഗ്യാസും, ചൂരല്പ്പരിചയുമൊക്കെയായി മൈതാനിക്കു ചുറ്റും മനുഷ്യവേലി തീര്‍ത്തു. കാണികളില്‍ നിന്നും കുക്കുവിളി ഉയര്‍ന്നു`തുടങ്ങടാ ലേലം' ഏതോ വീരശൂരപരാക്രമി ആക്രോശിച്ചു. അതോടെ `പ്രിയമുള്ളവരേ' ലേലം അവതാരക പ്രശസ്തനടി കുമാരി. `ശുഷ്കവസ്ത്ര'യുടെ മധുരതരളിതശബ്ദം മൈക്കിലൂടെ ഒഴുകിയെത്തിയപ്പോള്‍ ആര്‍പ്പുവിളികളും വിസിലുകളും ഉയര്‍ന്നു. നടി തുടര്‍ന്നു`ചരിത്രപ്രഷസ്തമായ തിരുനക്കര ഗ്രൗണ്ടില്‍ വച്ച്, ഹിസ്റ്ററിയിലിന്നോളം മാര്‍ക്ക് ചെയ്തിട്ടില്ലാത്ത അതിബ്യൂട്ടിഫുള്ളായ നമുക്കേവര്‍ക്കും പ്രൗഡ് നല്കുന്ന ആ മുഹൂര്‍ത്തം ഇതാ ഇവിടെ ആരംഭിക്കുകയായി.' തുടര്‍ന്ന് സ്വാഗതപ്രസംഗം, മന്ത്രിയുടെ ചരിത്രപ്രസിദ്ധമായ പ്രസംഗം, വികാരനിര്‍ഭരമായ ആശംസാപ്രസംഗങ്ങള്‍, സംഗതികുമാറിന്റെ സംഗീതം തുടങ്ങിയ പ്രൗഢഗംഭീരമായ പരിപാടികള്‍ക്കൊടുവില്‍ ജനം പരിക്ഷീണിതരായി തുടങ്ങി.
ഒടുവില്‍ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ലേലചടങ്ങിന്റെ നടത്തിപ്പിനായി കുമാരി ശുഷ്കവസ്ത്ര തന്റെ മൈക്ക് വക്കീലന്മാര്ക്ക് കൈമാറുന്നതായി പ്രഖ്യാപിച്ചു. ജനം ശ്വാസം അടക്കി കണ്ണും കാതും കൂര്‍പ്പിച്ചു. ഒന്നാം വക്കീല്‍ എഴുന്നേറ്റ് നിന്ന് ലേലത്തിന്റെ ഗുണഭോക്താവ് ശ്രീ സോനു പോക്കണംകുഴി ഒന്നാം കക്ഷിയും, ലേലം നേടുന്നയാള്‍ രണ്ടാം കക്ഷിയും ആയി ഒപ്പുവയ്ക്കേണ്ട ഉടമ്പടിയുടെ നിബന്ധനകള്‍ വ്യക്തമായി വായിച്ചു. `2015 ഓഗസ്റ്റ് 15-ാം തീയതി കോട്ടയം തിരുനക്കര മൈതാനിയില്‍ വച്ച്, ഇടുക്കി ജില്ലയില്‍ ഉടുമ്പന്‍ചോല താലൂക്കില്‍ രാജാക്കാട് വില്ലേജില്‍ എന്‍ആര്‍സിറ്റി കരയില്‍ താമസമാക്കിയിട്ടുള്ള പോക്കണംകുഴി മത്തായി - മേരി ദമ്പതികളുടെ മകന് സോനു പോക്കണംകുഴി ഒന്നാംകക്ഷിയായും ടിയാനെ ലേലം ചെയ്തു സ്വന്തമാക്കുന്ന വ്യക്തി/ സ്ഥാപനത്തിന്റെ പ്രതിനിധികള്‍ രണ്ടാം കക്ഷിയായും നടത്തുന്ന ആജീവനാന്ത ഉടമ്പടിയുടെ നിബന്ധനകള്‍ ചുവടെചേര്ക്കും വിധമാണ്.
1. ഈ ഉടമ്പടി ലേലത്തിനു വിധേയമാകുന്ന ഒന്നാംകക്ഷിയുടെ ആജീവനാന്ത കാലത്തേക്കുള്ളതായിരിക്കും. ഇതില്‍ യാതൊരു ഭേദഗതിയും വരുത്താന്‍ പാടുള്ളതല്ല.
2. ഇതിലെ ഒന്നാംകക്ഷി ശ്രീ സോനു ഇംഗ്ലീഷ്, മലയാളം വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും ബി എഡും ഉള്ളയാളാണ്. ഇയാള്‍ക്ക് ബന്ധപ്പെട്ട വിഷയങ്ങളില്‍ ഗവണ്മെന്റ്, അണ് എയ്ഡഡ് സ്ഥാപനങ്ങളില്‍ നിന്നായി ആറു വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉണ്ട്. ഇക്കാര്യത്തില്‍ എന്തെങ്കിലും സംശയമുള്ളപക്ഷം രണ്ടാംകക്ഷിക്ക് ഇദ്ദേഹത്തിന്റെ എല്ലാവധി സര്‍ട്ടിഫിക്കറ്റുകളുടെയും അസ്സല് കോപ്പി പരിശോധിച്ചു ബോധ്യപ്പെടാവുന്നതാണ്.
രണ്ട് (ബി) ടിയാന്റെ ശാരീരികക്ഷമത, അഞ്ചടി ആറിഞ്ച് ഉയരം, അറുപതുകിലോ തൂക്കം എന്നിങ്ങനെയാണ്. മറ്റു ഗുരുതരമായ ശാരീരിക- മാനസിക പ്രശ്നങ്ങള്‍ ഒന്നുംതന്നെയില്ല. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ രണ്ടാം കക്ഷിക്കു പരിശോധിക്കാവുന്നതാണ്.
മൂന്ന് - ഈ ഉടമ്പടിയില്‍ ഏര്‍പ്പെടുന്ന ഇന്നേക്ക് (2015 ഓഗസ്റ്റ് 15) കൃത്യം പത്താം ദിവസം മുതല്‍ ഒന്നാംകക്ഷിയുടെ മരണം വരെ, അയാള്‍ രണ്ടാം കക്ഷിയില്‍ നിന്നും കൈപ്പറ്റുന്ന ലേലത്തുകയുടെ അടിസ്ഥാനത്തില്‍ രണ്ടാം കക്ഷി ആവശ്യപ്പെടുന്ന സ്ഥാപനത്തിലോ, സ്ഥാപനങ്ങളിലോ അദ്ധ്യാപകവൃത്തിയും രണ്ടാം കക്ഷി ആവശ്യപ്പെടുന്ന മറ്റെല്ലാ ജോലികളും ചെയ്യുന്നതിന് സന്നദ്ധമാണ്. അതിനായി രണ്ടാം കക്ഷി ഒന്നാം കക്ഷിക്ക് യാതൊരുപ്രതിഫലവും ലേലത്തുകയ്ക്കു പുറമേ നല്‍കേണ്ടതില്ല.
നാല് - ലേലത്തുക കൈപ്പറ്റിക്കഴിഞ്ഞാല്‍ ആ നിമിഷം മുതല്‍ ഇയാളുടെ മാതാപിതാക്കള്‍ക്കോ, സഹോദരങ്ങള്‍ക്കോ, ബന്ധുമിത്രാദികള്‍ക്കോ രണ്ടാം കക്ഷി ഒഴികെയുള്ള മറ്റേതെങ്കിലും വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ, സ്ഥാപനങ്ങള്‍ക്കോ ഇയാളുടെ മേല്‍ യാതൊരുവിധ അവകാശങ്ങളും ഉണ്ടായിരിക്കുന്നതല്ല. ഇയാളുടെ പൂര്‍ണനിയന്ത്രണം രണ്ടാം കക്ഷിക്കായിരിക്കും.
അഞ്ച് - ഇയാളുടെ ഭക്ഷണം, വസ്ത്രം, സോപ്പ്, ചീപ്പ്, ചെരുപ്പ്, തോര്‍ത്ത്, ബ്രഷ്, പേസ്റ്റ്, ഷേവിംഗ് സെറ്റ്, ക്രീം, മുടിവെട്ട് തുടങ്ങിയ അനുദിനചെലവുകള്‍ അത്യാവശ്യമെന്നു തോന്നുന്നപക്ഷം മാത്രം രണ്ടാംകക്ഷി വഹിക്കേണ്ടതാണ്.
ആറ് - ഇയാള്‍ക്ക് വര്‍ഷത്തില്‍ ഒരു തവണ മാത്രം മാതാപിതാക്കളെ സന്ദര്‍ശിച്ച് അഞ്ചുദിവസം അവരോടൊപ്പം കഴിയാവുന്നതാണ്. അതിനുള്ള അസ്സല് യാത്രാച്ചെലവ് രണ്ടാംകക്ഷി മുടക്കേണ്ടതാണ്.
ഏഴ് - ഇയാള്‍ക്ക് ജോലി തടസ്സപ്പെടുന്ന തരത്തില്‍ എന്തെങ്കിലും രോഗങ്ങളുണ്ടായാല്‍ രണ്ടാംകക്ഷിയുടെ ധാര്മ്മികഉത്തരവാദിത്വത്തില് സൗജന്യഇന്‍ഷുറന്‍സ് പ്രകാരമുള്ള ചികിത്സ നല്‍കാവുന്നതാണ്. ഇയാള്‍ക്ക് മാരകമായ മറ്റ് എന്തെങ്കിലും രോഗമോ മരണമോ സംഭവിക്കാനിടയായാല്‍ സ്ഥാപനം ഉത്തരവാദി അയിരിക്കുകയില്ല. രണ്ടാം കക്ഷിക്കെതിരേ ഒരു വിധത്തിലുമുള്ള നിയമനടപടിക്ക് ഇയാള്‍ക്കോ ഇയാളുടെ ബന്ധുക്കള്‍ക്കോ യാതൊരുവിധ അവകാശവും ഉണ്ടായിരിക്കുന്നതല്ല.
അങ്ങനെ പോകുന്ന ഇരുപത്തഞ്ചിന നിബന്ധനയുടെ ഇരുപത്തഞ്ചാം നിബന്ധനയും വായിച്ച് വക്കീല്‍ ഒന്നു നിറുത്തി.
ഇരുപത്തിയഞ്ച്- മേല്‍പ്പറഞ്ഞ വ്യവസ്ഥകളില്‍ ഏതെങ്കിലും ഒന്നില്‍ ഒന്നാംകക്ഷി ബോധപൂര്‍വമോ അല്ലാതെയോ എന്തെങ്കിലും വീഴ്ചവരുത്തുന്ന പക്ഷം രണ്ടാംകക്ഷിക്ക് വഞ്ചനാക്കുറ്റം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി ഇയാള്‍ക്കുമേല്‍ നിയമനടപടികള്‍ സ്വീകരിക്കാവുന്നതാണ്.
വ്യവസ്ഥകള്‍ മുഴുവനും രണ്ടാംകക്ഷിയായി വരുന്ന മാനേജ്മെന്റ് സ്ഥാപനങ്ങള്‍ക്ക് അനുകൂലമായിരുന്നതിനാല്‍ മറ്റ് ആക്ഷേപങ്ങള്‍ ഒന്നും ഉന്നയിക്കപ്പെടാതെ ലേലം തുടങ്ങി. ആദ്യവിളിക്കുള്ള നറുക്ക് വീണത് ഒരു വ്യക്തി - മാനേജ്മെന്റുകാരനാണ്. അയാള്‍ വിളിച്ചു `ആയിരം രൂപ' ആളുകള്‍ക്കിടയില്‍ നിന്നും ഒരു കൂകല്‍ ഉണ്ടായെങ്കിലും അയാള്‍ കുലുങ്ങിയില്ല. അതിനു മുകളില്‍ വേറെ ആരും വിളിക്കാതിരുന്നെങ്കില്‍ എന്നയാള്‍ ആഗ്രഹിച്ചെങ്കിലും അത്രയ്ക്കും വലിയ ഭാഗ്യം ഈ മാനേജ്മെന്റന് ഇല്ലാത്തതിനാല്‍ കൂടുതല്‍ പ്രബലരായ കക്ഷികള്‍ വിളി തുടര്‍ന്നു, രണ്ടായിരം, മൂവായിരം, അയ്യായിരം, പതിനായിരം.. അമ്പതിനായിരം.. ഒരു ലക്ഷം.. ലേലം മുറുകിക്കൊണ്ടിരുന്നു. തുക ഏകദേശം അഞ്ചുലക്ഷമായപ്പോള് ചെറുകിട മാനേജ്മെന്റുകള്‍ വിളി മതിയാക്കി തങ്ങള്‍ക്കു ലഭിക്കുന്ന പ്രോത്സാഹന സമ്മാനങ്ങള്‍ കൊണ്ട് തൃപ്തിയടഞ്ഞു. അപ്പോള്‍ പ്രബലരായ സാമുദായക സ്ഥാപനങ്ങള്‍ തമ്മിലായി മത്സരം. പള്ളിപ്പെരുന്നാളിനും, ഉത്സവത്തിനും അരങ്ങേറാറുള്ള ലേലം വിളിയെ കടത്തിവെട്ടുന്ന പ്രകടനമാണ് ഇവിടെ നടക്കുന്നത്. തുക ഏതാണ്ട് എട്ടുലക്ഷമായപ്പോള് മാനേജ്മെന്റന്മാരുടെ മുഖത്ത് ആശങ്കയുടെ നിഴല്‍ വീണു. ഒരു ഡബിള്‍ എം.എയും ബിഎഡും മാത്രമുള്ള ഇയാളെ ഇത്രയും വലിയൊരു തുകയ്ക്കു ലേലം വിളിച്ചെടുക്കുന്നതു തങ്ങള്‍ക്കു മുതലാകുമോ എന്നതായിരുന്നു അവരുടെ പേടി. ഇയാള്‍ ഇടയ്ക്കു വച്ചെങ്ങാനും ചത്തുപോയാല്‍, കേസും വക്കാണവും നടത്തി ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നും കാശു മേടിച്ചെടുക്കുക എന്നത് ശ്രമകരമായ ഒരു പണിയായിരിക്കും. അതുകൊണ്ട് മെല്ലെ ഓരോരുത്തരായി പിന്‍വാങ്ങിത്തുടങ്ങി. എന്നാല്‍ പുരോഹിതന്മാര് നിയന്ത്രിക്കുന്ന ക്രൈസ്തവമാനേജ്മെന്റുകള് മാത്രം പിന്‍വാങ്ങിയില്ല. `തുക അല്പം കൂടിയാലും സാരമില്ല. അഭ്യസ്തവിദ്യനായ ഒരാളെ ആജീവനാന്തകാലത്തേക്ക് നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കു കിട്ടുന്നതല്ലേ. നഷ്ടമുണ്ടാകാന്‍ ദൈവം ഇട വരുത്തുകയില്ല എന്നവര്‍ ദൃഢമായി വിശ്വസിച്ചു. തുക എട്ടുലക്ഷമായപ്പോള് കോട്ടയത്തുള്ള പാവനഹൃദയം പബ്ലിക് സ്കൂളിന്റെ മാനേജര്‍ ഫാ. ജോസഫ് നെടുമ്പാശേരി, പ്രിന്‍സിപ്പല്‍ ഫാ. തോമസ് പരിയാരത്തിനോട് അടക്കം പറഞ്ഞു, `നമുക്ക് അല്പം കൂടി കേറ്റി വിളിച്ചാലോ? `ഈ കിഴങ്ങനെ കൂടിയ തുകയ്ക്കു മേടിച്ചാല്‍ നമുക്കു മുതലാകുമോ?' പ്രിന്‍സിപ്പളിനു ശുണ്ഠി കയറി. `അതല്ല,' മാനേജര്‍ കുശുകുശുത്തു, `ഇവന് പണ്ട് നമ്മുടെ സെമിനാരിയില്‍ ചേര്‍ന്നു പഠിച്ചിട്ട് ചാടിപ്പോയവനല്ലേ. അച്ചന് ബ്രദര്‍ പോക്കണാംകുഴിയെ ഓര്‍ക്കുന്നില്ലേ?' `ഏ.. അവനാണോ ഇവന്..?' ഫാ. പരിയാരം അത്ഭുതപ്പെട്ടു. ഇവന് സെമിനാരിയില്‍ നിന്നു ചാടിപ്പോയതു മൂലം നമ്മുടെ സഭയ്ക്ക് ചില്ലറ നഷ്ടമല്ല ഉണ്ടായത്.' `അതേ.. അതുതന്നെ' നെടുമ്പാശേരി കൂട്ടിച്ചേര്‍ത്തു. `ഇപ്പോള്‍ ദൈവമായിട്ട് ഇവനെ നമ്മുടെ മുന്നില്‍ത്തന്നെ എത്തിച്ചിരിക്കുവാ. ഇവനെ കൊണ്ട് നമുക്ക് മാക്സിമം പണിയെടുപ്പിക്കാം. പണ്ടു ചാടിപ്പോയതിന് ഒരു പണി കൊടുക്കുകയും ചെയ്യാം.'
`അപ്പോള്‍ അങ്ങനെതന്നെ' `പത്തുലക്ഷത്തിമുപ്പതിനായിരം' ഫാദര്‍ പരിയാരം ഉച്ചത്തില്‍ വിളിച്ചു. അതോടെ മറ്റുള്ളവര്‍ പെട്ടി മടക്കി. അഭിഭാഷകര്‍ ശബ്ദം ഉയര്‍ത്തി പറഞ്ഞു. `പാവനഹൃദയം പബ്ലിക് സ്കൂള്‍ പത്തുലക്ഷത്തിമുപ്പതിനായിരം ഒരുതരം, പത്തുലക്ഷത്തിമുപ്പതിനായിരം രണ്ടുതരം, പത്തുലക്ഷത്തിമുപ്പതിനായിരം മൂന്നുതരം. അങ്ങനെ ലേലം ഉറപ്പിച്ചു. ഫാ. നെടുമ്പാശ്ശേരിയേയും പരിയാരത്തെയും എല്ലാവരും അനുമോദിച്ചു. വാഗ്ദാനം ചെയ്യപ്പെട്ട എല്ലാ സമ്മാനങ്ങളും അവര്‍ വാരിക്കൂട്ടി.
അടുത്തത് ഉടമ്പടി ഒപ്പു വയ്ക്കലാണ്. അതോടു കൂടി ചരിത്രപരമായ ഈ പരിപാടി ഇവിടെ അവസാനിക്കും. ഒന്നാംകക്ഷിയുടെ ഭാഗത്തു നിന്നും ശ്രീ പോക്കണാംകുഴിയും അയാളുടെ മാതാപിതാക്കളും രണ്ടാം കക്ഷിയുടെ സ്ഥാനത്തു നിന്നും രണ്ടു ഫാദര്‍മാരും, സാക്ഷികളായി രണ്ട് അഭിഭാഷകരും ഒപ്പു വയ്ക്കും. ഇതിനോടകം ഫാദര്‍ നെടുമ്പാശ്ശേരി തന്റെ സ്യൂട്ട്കേസ് തുറന്ന് ആയിരത്തിന്റെ നോട്ടുകള്‍ മേശപ്പുറത്ത് വച്ചു. സോനു അത് പത്തുലക്ഷത്തിമുപ്പതിനായിരം ഉണ്ടെന്ന് ഉറപ്പുവരുത്തി. യാതൊരു സങ്കോചവും കൂടാതെ അയാള്‍ ഒപ്പുവച്ചു. അടുത്തതായി അയാളുടെ പിതാവ് മുന്നോട്ടു വന്നു. ആ വൃദ്ധപിതാവിന്റെ മനസ്സില്‍കൂടി ചില ചിത്രങ്ങള്‍ മിന്നിത്തെളിഞ്ഞു പോയി. ഒന്നരവയസ്സുള്ളപ്പോള് തന്റെ മകന് മൂത്രതടസ്സമുണ്ടായപ്പോള് ഓപ്പറേഷന് നടത്തിയത്.. ചൂടുപനി പിടിച്ചപ്പോള്‍ അവനെ തോളത്തിട്ടുകൊണ്ട് പതിനഞ്ചുകിലോമീറ്റര്‍ അപ്പുറത്തുള്ള എല്ലക്കല്ല് ആശുപത്രിയിലേക്കോടിയത്... അപ്പന്റിസൈറ്റിസിന്റെ ഓപ്പറേഷന് നടത്തിയപ്പോള്‍ മെഡിക്കല്‍ കോളേജില്‍ മനമുരുകി പ്രാര്‍ത്ഥിച്ച് വരാന്തയില്‍ കാത്തു കിടന്നത്.. ചോരനീരാക്കി.. ചുമച്ചും ശ്വാസംമുട്ടിയും പണിയെടുത്ത് അവനെ വളര്‍ത്തിയത്. പഠിപ്പിച്ചത്.. എല്ലാം.. എല്ലാം. അവന് സ്വയം ലേലം ചെയ്തു കൊടുക്കേണ്ടി വന്നത് തന്റെ എന്തെങ്കിലും കുറ്റം കൊണ്ടാണോ എന്നയാള്‍ സ്വന്തം മനഃസ്സാക്ഷിയോടു ചോദിച്ചു. അയാളുടെ കണ്ണുകള്‍ നിറഞ്ഞു. കൈ വിറച്ചു. പേന താഴെപ്പോയി. അപ്പോള്‍ വക്കീലന്മാരിലൊരാള് അയാളുടെ തള്ളവിരലില്‍ പിടിച്ച് മഷിയില്‍ മുക്കി പേപ്പറില്‍ അമര്‍ത്തി തൊടുവിച്ചു.
അടുത്തതായി ഒപ്പിടേണ്ടത് അമ്മയായിരുന്നു. ഭ്രൂണമായി ഉദരത്തില്‍ ഉരുവായതു മുതലുള്ള മകന്റെ കളിക്കൂട്ടുകാരി. സ്വന്തം മകനെ പത്തുമാസം ചുമന്ന അവരുടെ ഉദരം പൊള്ളി. പാലൂട്ടിയ മുലകള്‍ വിറകൊണ്ടു. സുബോധം മറയുന്നതു പോലെ.. വീഴാന്‍ തുടങ്ങിയ അവരെ എല്ലാവരും കൂടി താങ്ങി കസേരയിലിരുത്തി. വക്കീല്‍ തള്ളവിരല്‍ മഷിയില്‍ തൊടുവിച്ച് ഒപ്പുവപ്പിച്ചപ്പോള് സോനുവിന്റെ ഉള്ളൊന്നു കാളി. തുടര്‍ന്ന് ഫാ. മാനേജര്‍ ഒപ്പുവച്ചു. അതിനു ശേഷം ഫാ. പരിയാരം ഒപ്പുവയ്ക്കാനായി മുന്നോട്ടു വന്നു. അപ്പോള്‍ ചില കാര്യങ്ങള്‍ അദ്ദേഹത്തിന് ഓര്‍ക്കാതിരിക്കാനായില്ല. സോനു പോക്കണംകുഴി ആദ്യമായി സെമിനാരിയിലേക്കു കടന്നു വന്നത്. അപ്പോള്‍ താനായിരുന്നു അവിടുത്തെ റെക്ടര്‍. സോനു പലതിനെയും ചോദ്യം ചെയ്തത്. താനവനെ ഉപദേശിച്ചത്. സോനു ശരിക്കും റിബലായിരുന്നു. പക്ഷേ നല്ല കഠിനാദ്ധ്വാനിയും. ഫാദര്‍ ഓര്‍ത്തു, സോനു സെമിനാരിയില്‍ പണിയെടുത്തത്, ചാണകം കോരി ചുമന്നത്, വലിയ തെങ്ങിന്റെ മുട്ടികള്‍ വെട്ടിക്കീറി വിറകാക്കിയത്, കറ്റ ചുമന്നത്.. ഇന്ന് പാവനഹൃദയം സ്കൂള്‍ ഇരിക്കുന്നിടം അന്ന് കൊക്കോത്തോട്ടമായിരുന്നു. സോനു ഉള്‍പ്പെടെയുള്ള ശെമ്മാശന്മാര് ദിവസങ്ങളോളം കൊക്കോ ഒന്നൊന്നായി വെട്ടിനീക്കിയാണ് അവിടെ സ്കൂളിനുള്ള അടിത്തറ പണിതത്. അന്നുണ്ടായിരുന്നവരില്‍ ഭൂരിപക്ഷം പേരും സെമിനാരി വിട്ടു. സോനുവും. പക്ഷേ തന്റെ കൂടി വിയര്‍പ്പു കൊണ്ട് പടുത്തുയര്‍ത്തിയ സ്ഥാപനത്തിലേക്ക് ലേലം ചെയ്യപ്പെട്ട അടിമപ്പണിക്കാരനായി ഇതാ ഒരു യുവാവ് വരുന്നു. ഫാ. തോമസ് പരിയാരത്തിന്റെ മനഃസ്സാക്ഷി ഒന്നു വിങ്ങിയോ? അച്ചന് അന്നു രാവിലെ കുര്‍ബാന മദ്ധ്യേ വായിച്ച സുവിശേഷഭാഗം ഓര്‍ത്തു. `അനന്തരം അവന് ദേവാലയത്തില്‍ പ്രവേശിച്ച് കച്ചവടക്കാരെ ചാട്ടവാറുകൊണ്ട് അടിച്ചു പുറത്താക്കുകയും നാണയമാറ്റക്കാരുടെ മേശകള്‍ മറിച്ചിടുകയും ചെയ്തു. അവന് പറഞ്ഞു` ദൈവത്തിന്റെ ആലയം പരിശുദ്ധമാണ്. അത് കച്ചവടവസ്ഥലമാക്കരുത്'
`ഫാദര്‍ പരിയാരം' മാനേജരുടെ ശബ്ദമുയര്‍ന്നു. പരിയാരം ചിന്തയില്‍ നിന്നും ഞെട്ടിയുണര്‍ന്ന് ഒപ്പു വച്ചു. തുടര്‍ന്ന് അഭിഭാഷകരും.
`അപ്പോള്‍പ്പിന്നെ നമുക്ക് ഇരുപത്തിഅഞ്ചാം തീയതി കാണാം. സമയത്തിനു മുന്‍പ് നീ അങ്ങ് എത്തിയേക്കുമല്ലോ. അതോ ഞങ്ങള്‍ അന്വേഷിച്ചു വരണോ? മാനേജരച്ചന്റെ ശബ്ദത്തില്‍ ആജ്ഞയുടെ ചുവ കലര്‍ന്നു കഴിഞ്ഞു, ഭീഷണിയുടെയും.
`വേണ്ട, ഞാനങ്ങ് എത്തിക്കോളാം. എല്ലാം നിബന്ധനയില്‍ ഉണ്ടല്ലോ' സോനു നിര്‍വികാരതയോടെ പറഞ്ഞു.
അപ്പോള്‍ ശരി. അവരും വക്കീലന്മാരും പിരിഞ്ഞു. ആ വലിയ മൈതാനിയുടെ മുന്നില്‍ സ്വയം അവകാശം നഷ്ടമായ ഒരു മകനും ആശ്രയമറ്റ വൃദ്ധദമ്പതികളും ഒരു നിമിഷം നിശ്ചലം നിന്നു. 2015 ഓഗസ്റ്റ് 15, ഒരു അപ്പനും അമ്മയ്ക്കും ചരിത്രത്തിലാദ്യമായി നിയമത്തിലൂടെ സ്വന്തം മകന്റെ മേലുള്ള ജന്മാവകാശം പത്തുലക്ഷത്തിമുപ്പതിനായിരം രൂപയ്ക്ക് നഷ്ടമായ സുന്ദരസുരഭില സുദിനം. മത്തായി തലയ്ക്കു കൈയും കൊടുത്ത് മൈതാനിയില്‍ കുറച്ചു നേരം നിശബ്ദനായി കുത്തിയിരുന്നു. പിന്നെ തല ഉയര്‍ത്തി അയാള്‍ തന്റെ മകനെ നോക്കി. ഭാര്യയേയും. കലങ്ങിമറിഞ്ഞു കിടക്കുന്ന ആ ആറുകണ്ണുകളിലും എല്ലാ ചോദ്യങ്ങളും ഉത്തരമില്ലാതെ അങ്ങനെ തന്നെ കിടന്നു. `മോനേ' മത്തായി സോനുവിനെ വിളിച്ചു `ഉം' സോനു വിളി കേട്ടു. `ആര്‍ക്കും വേണ്ടാത്ത ഈ അപ്പനേം അമ്മയേയും കൂടി നീ ആര്‍ക്കാടാ ഒന്നു ലേലം ചെയ്തു കൊടുക്കുന്നത്?'